ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരുമെന്ന് കരസേന

അരുണാചല്‍ അതിര്‍ത്തിയില്‍ ചൈന കൂടുതല്‍ സൈന്യത്തെ എത്തിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. അതിനാല്‍, ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരുമെന്ന് കരസേന വ്യക്തമാക്കി.

അതേസമയം, വടക്കുകിഴക്കന്‍ മേഖലയില്‍ ഇന്ന് തുടങ്ങുന്ന വ്യോമസേനാഭ്യാസം രണ്ടു ദിവസം നീണ്ടു നില്‍ക്കും. ചൈനയുമായുള്ള അരുണാചല്‍ മേഖലയിലെ സംഘര്‍ഷം നിലനില്‍ക്കെയാണ് വ്യോമസേനാഭ്യാസം നടക്കുന്നത്. അഭ്യാസപ്രകടനത്തില്‍ റഫാല്‍, സുഖോയ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മുന്‍നിര യുദ്ധവിമാനങ്ങളും പങ്കെടുക്കും. ഡിസംബര്‍ 9 ലെ സംഘര്‍ഷത്തിന് മുന്‍പേ ആണ് ഇത് തീരുമാനിച്ചത്.

അതിനിടെ, കഴിഞ്ഞ രണ്ടു ദിവസമായി അടിയന്തര പ്രമേയം നല്‍കിയിട്ടും വിഷയം ചര്‍ച്ചക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതിനാല്‍ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയില്‍ നീക്കം നടത്തിയേക്കും. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഐക്യരാഷ്ട്ര സുരക്ഷ സമിതിയില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ രാജ്യാന്തര വേദികളില്‍ ചിലര്‍ തടസ്സം നില്ക്കുകയാണെന്ന് എസ് ജയശങ്കര്‍ കുറ്റപ്പെടുത്തി. കശ്മീരിനെക്കുറിച്ചുള്ള യുഎന്‍ പ്രമേയം ഇന്ത്യ പാലിക്കണമെന്ന് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഒസാമ ബിന്‍ ലാദനെ സംരക്ഷിച്ചവരുടെ സുവിശേഷം വേണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ തിരിച്ചടിച്ചു