തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് തയാറെടുക്കാൻ സംസ്ഥാന സർക്കാർ. ഗവർണറുടെ പ്രസംഗം തയാറാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് മന്ത്രിസഭ നിർദ്ദേശം നൽകി. ബജറ്റിന് മുൻപുണ്ടായില്ലെങ്കിലും അതിനുശേഷം നയപ്രഖ്യാപനം വേണ്ടിവരും. ഇക്കാര്യത്തിൽ മന്ത്രിസഭ അന്തിമ തീരുമാനം പിന്നീട് സ്വീകരിക്കുന്നതാണ്. ഗവർണറുമായി അനുനയം സാധ്യമാണോയെന്ന് നോക്കിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കണം പുതിയ വർഷത്തിലെ ആദ്യ സമ്മേളനം വിളിച്ചുകൂട്ടേണ്ടതെന്നാണ് ചട്ടം. ഗവർണറെ സർവകലാശാല ചാൻസലർ പദവിയിലിൽ നിന്നു നീക്കുന്ന ബിൽ ഈ സമ്മേളന കാലയളവിൽ പാസായിരുന്നു. കഴിഞ്ഞ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതമായി പിരിഞ്ഞതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാൽ അടുത്തമാസം ചേരുന്ന സമ്മേളനം ഇടവേളയ്ക്കുശേഷം ഈ സമ്മേളനത്തിന്റെ തുടർച്ചയായാണ് പരിഗണിക്കുക.
ഈ സമ്മേളനത്തിന്റെ തുടർച്ചയായി അടുത്ത മാസം ബജറ്റ് സമ്മേളനം ചേരുന്നതിലൂടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാനാകും. എന്നാൽ ബജറ്റ് സമ്മേളനം പിരിഞ്ഞ് അടുത്ത സമ്മേളനം ചേരുമ്പോൾ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

