പുതിയ പ്രസിഡന്റിനായി കാത്തു നില്‍ക്കാതെ കെപിസിസി പുനഃസംഘടന നടത്താന്‍ അനുമതി നല്‍കി എഐസിസി നേതൃത്വം

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ കെപിസിസി അധ്യക്ഷന്‍ ആരെന്ന പ്രഖ്യാപനം വരുന്നതിന് മുമ്ബായി പുനഃസംഘടന നടത്താന്‍ കേരളത്തിലെ എഐസിസി നേതൃത്വത്തിന് അനുമതി നല്‍കി. കെപിസിസി ഭാരവാഹികള്‍, ഡി.സി.സി, ബ്ലോക്ക്, മണ്ഡലം തലങ്ങളില്‍ പുനഃസംഘടന വരും. മാര്‍ച്ചിനകം പൂര്‍ത്തിയാക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്. കെപിസിസി രാഷ്ട്രീയകാര്യസമിതി ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

അതേസമയം, സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കെപിസിസി അംഗങ്ങളെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റിനെ തീരുമാനിക്കാനുള്ള അവകാശം കോണ്‍ഗ്രസ് പ്രസിഡന്റിനു നല്‍കി കെപിസിസി. പ്രമേയം പാസാക്കി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസിഡന്റായപ്പോള്‍ ഇക്കാര്യം സംസ്ഥാനനേതൃത്വം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കെപിസിസി ഭാരവാഹികള്‍, നിര്‍വാഹകസമിതി, ഡി.സി.സി. പ്രസിഡന്റുമാര്‍ എന്നിവരെ കെ. സുധാകരന്‍ പ്രസിഡന്റായശേഷം നാമനിര്‍ദ്ദേശം ചെയ്തതാണ്. ഇവരുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം പുനഃസംഘടന ഉണ്ടാകുമെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ എന്നീ തലങ്ങളിലും പുനഃസംഘടന നടക്കേണ്ടതുണ്ട്.

സംസ്ഥാനതലത്തില്‍ ഒരു സമിതിക്കും ജില്ലാതലത്തില്‍ മറ്റൊരു സമിതിക്കും രൂപം നല്‍കി പുനഃസംഘടനയിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇങ്ങനെ നിയമിതരായവരില്‍ പലരും നിഷ്‌ക്രിയരാണെന്ന ചിന്ത നേതൃത്വത്തിനുണ്ട്.