ഡോ. രാജശ്രീ എംഎസിന് തിരിച്ചടി; കെടിയു വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരായ പുന:പരിശോധനാ ഹർജി സുപ്രീംകോടതി തളളി

ന്യൂഡൽഹി: ഡോ. രാജശ്രീ എംഎസിന് തിരിച്ചടി. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ വിധിക്കെതിരെ രാജശ്രീ എം.എസ് നൽകിയ പുന:പരിശോധനാ ഹർജി സുപ്രീംകോടതി തളളി. അതേസമയം, നിയമനം റദ്ദാക്കിയ വിധിയിൽ രാജശ്രീയ്ക്ക് ഇതുവരെ ലഭിച്ച ശമ്പളവും ആനുകൂല്യങ്ങളും സംബന്ധിച്ച നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ല. ജസ്റ്റിസ് എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി തളളിയത്.

വി.സിയുടെ പെൻഷന് രാജശ്രീയ്ക്ക് അർഹതയുണ്ടാകില്ല. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്താനുളള സർച്ച് കമ്മറ്റിയിൽ ചാൻസലറുടെ പ്രതിനിധി ചട്ടംഅനുസരിച്ച് ആവശ്യമില്ലെന്നും ഹർജി തള്ളിയ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, വിധിയ്ക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന ഡോ രാജശ്രീയുടെ ആവശ്യവും കോടതി തളളിയിട്ടുണ്ട്.

വിസി നിയമനത്തിനുളള സെലക്ഷൻ കമ്മിറ്റിയിൽ തെറ്റായ നടപടിയുണ്ടായെങ്കിൽ അതിന് താൻ ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് രാജശ്രീ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. നിയമനം റദ്ദാക്കിയ വിധി വന്നതോടെ താൻ വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും സമൂഹത്തിന്റെ മുന്നിലും അപമാനിതയായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.