‘സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തത്’; പോലീസ് റിപ്പോര്‍ട്ട്

കൊച്ചി: മുന്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമര്‍ശനാത്മകമായി മാത്രമാണെന്നും ഭരണഘടനയെയോ ഭരണഘടനാ ശില്‍പ്പികളെയോ അവഹേളിച്ചിട്ടില്ലെന്നും സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസിന്റെ റഫര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ ഈ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സജി ചെറിയാനെതിരെ തെളിവില്ലെന്ന പേരില്‍ കഴിഞ്ഞ ദിവസം തിരുവല്ല കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, 2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ച് നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്ന് ജൂലൈ ആറിന് സജി ചെറിയാന്‍ രാജിവെക്കുകയായിരുന്നു. സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കേടതിയില്‍ ഇതുസംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

പ്രസംഗത്തില്‍ സജി ചെറിയാന്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും, അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. യാദൃശ്ചികമായാണ് വിവാദ പരാമര്‍ശം ഉണ്ടായത്. പ്രസംഗം മുഴുവന്‍ കേട്ടാല്‍ ഇത് ബോധ്യമാകും. പരിപാടിയുടെ വേദിയിലുണ്ടായിരുന്ന എംഎല്‍എമാരടക്കമുള്ളവരുടെ മൊഴികളും മുന്‍ മന്ത്രിക്ക് അനുകൂലമാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നുണ്ട്.