തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉന്നത വിദ്യഭ്യാസ മേഖലയെ പരിപൂർണമായി കാവിവത്ക്കരിക്കുന്നതിന്റെ ഭാഗമായ നീക്കങ്ങളാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ വഴങ്ങാതെ ശക്തമായ താക്കീതാണ് സംസ്ഥാനത്തിലെ സിപിഎം നൽകി വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. സംസ്ഥാനത്തിലെ വികസന പ്രക്രിയയ്ക്ക് തടസ്സം നിൽക്കുകയാണ് കോൺഗ്രസ് പാർട്ടി. വിഴിഞ്ഞം പുനരധിവാസം പൂർത്തീകരിക്കം. വിഴിഞ്ഞം വിഷയത്തിലടക്കം ലീഗ് സ്വീകരിച്ച മതനിരപേക്ഷ നിലപാടാണ് സ്വാഗതം ചെയ്തതെന്നും അല്ലാതെ മുസ്ലീം ലീഗിനെ എൽഡിഎഫിലേയ്ക്ക് ക്ഷണിച്ചിട്ടില്ല. ലീഗിനെക്കുറിച്ച് നടത്തിയ പരാമർശം രാഷ്ട്രീയ നേട്ടമോ തെരഞ്ഞെടുപ്പോ മുന്നിൽക്കണ്ടുള്ളതായിരുന്നില്ല. വലതു പക്ഷ നിലപാട് തിരുത്തി വരുന്നവരെ സ്വാഗതം ചെയ്യും. ആർക്കു മുന്നിലും ഇടതു മുന്നണിയുടെ വാതിൽ അടച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ജനാധിപത്യ സമരത്തെ സർക്കാർ എതിർത്തിരുന്നില്ല. കലാപം അഴിച്ച് വിടാനുള്ള ശ്രമത്തെയാണ് എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

