‘നിയന്ത്രണ രേഖയിലെ സാഹചര്യങ്ങള്‍ സാധാരണ നിലയില്‍’; തവാങ് സംഘര്‍ഷത്തില്‍ ചൈനയുടെ ആദ്യ പ്രതികരണം

ന്യൂഡല്‍ഹി: തവാങ് സംഘര്‍ഷത്തില്‍ ആദ്യമായി പ്രതികരിച്ച് ചൈന. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുറന്ന ചര്‍ച്ച വേണമെന്നും ചൈന പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബര്‍ 9 ന് അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. സംഘര്‍ഷത്തെക്കുറിച്ച് ഇന്ത്യന്‍ പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കും ചൈനീസ് സൈനികര്‍ക്കും നിസാര പരിക്കേറ്റതായി സൈന്യം അറിയിച്ചു. ‘ഞങ്ങള്‍ മനസ്സിലാക്കിയിടത്തോളം, ചൈന-ഇന്ത്യ അതിര്‍ത്തിയില്‍ സ്ഥിതി സാധാരണ നിലയിലാണ്’- എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ വ്യക്തമാക്കി.

അതേസമയം, നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി പ്രശ്നത്തില്‍ ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തുണ്ട്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ 200-ലധികം ചൈനീസ് സൈനികര്‍ ആയുധങ്ങളുമായി ഇന്ത്യന്‍ സൈനികരുമായി ഏറ്റുമുട്ടിയതായി കഴിഞ്ഞ ദിവസമാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കിയത്.