സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണം; ഏതറ്റം വരെയും മുന്നോട്ട് പോകുമെന്നും സമരസമിതി

കൊച്ചി: സംസ്ഥാനത്തെ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും പിന്മാറിയതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണമെന്ന് കെ-റെയില്‍ വിരുദ്ധ സമര സമിതി യോഗത്തിന് ശേഷം പ്രതികരിച്ചു. തുടര്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും, സമരത്തിന്റെ ഭാഗമായി അടുത്ത നിയമസഭാ സമ്മേളന കാലത്ത് നിമയസഭ വളയുമെന്നും സമര സമിതി കണ്‍വീനര്‍ രാജീവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതേസമയം, ‘പദ്ധതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു കോടി ആളുകള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കും. പദ്ധതി പിന്‍വലിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിക്കണം. സില്‍വര്‍ ലൈന്‍ വിജ്ഞാപനം റദ്ദാക്കണം. കേസുകള്‍ പിന്‍വലിക്കണം. കെ-റെയില്‍ വരില്ല കേട്ടോ, ശ്രമിച്ചാല്‍ തൃക്കാക്കര ആവര്‍ത്തിക്കുമെന്ന കാമ്ബയിന്‍ ആരംഭിക്കും. ക്യാമ്ബയിനിന്റെ ഭാഗമായി സര്‍ക്കാരിനെതിരെ ഒപ്പുശേഖരണം സംഘടിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തത്വത്തിലുള്ള അനുമതിയും റദ്ദാക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര റയില്‍ മന്ത്രിക്ക് നിവേദനം നല്‍കും. കേസുകളില്‍ ഭയപ്പെടില്ല. ജീവന്‍ കളയാല്‍ പോലും തയ്യാറായാണ് സമരത്തിനിറങ്ങുന്നത്. ഏതറ്റം വരെയും മുന്നോട്ട് പോകും’- സമരസമിതി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.