കൊച്ചി: കേരള ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേരളവും ഗവർണർറും കൂടുതൽ സമയം ആവശ്യപ്പെട്ടു. വിസി റിജി ജോണിന്റെ ഹർജിയിൽ മറുപടി നൽകാൻ രണ്ട് ആഴ്ചത്തെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന്റെയും ഗവർണറുടെയും അഭിഭാഷകർ സുപ്രീം കോടതിയിൽ കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് കത്ത് നൽകിയത്.
സർക്കാരിന്റെയും ഗവർണറുടെയും ആവശ്യം അംഗീകരിക്കരുത് എന്നാവശ്യപ്പെട്ട് റിജി ജോണിന്റെ അഭിഭാഷകയും സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകി. റിജി ജോണിന്റെ ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നോട്ടീസ് അഞ്ചാം തീയതി മാത്രമാണ് ലഭിച്ചതെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച കത്തിൽ ഗവർണറുടെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ മറുപടി നൽകുന്നതിന് രണ്ട് ആഴ്ചത്തെ സമയം കൂടി അനുവദിക്കണമെന്നാണ് ചാൻസലറുടെ അഭിഭാഷകൻ വെങ്കിട്ട സുബ്രമണ്യം സുപ്രീം കോടതി രജിസ്ട്രാർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കേരള ഫിഷറീസ് സർവ്വകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യും.

