അതിർത്തിയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല; രാജ്നാഥ് സിംഗ്

ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുമായുണ്ടായ സംഘർഷത്തിൽ ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സൈന്യം ചൈനീസ് സൈനികരെ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകിയിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

ചൈനീസ് സൈന്യം യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാൻശ്രമം നടത്തി. ഇന്ത്യൻ സൈനികർക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ചൈനീസ് സേനക്ക് ശക്തമായ തിരിച്ചടി നൽകി. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിൻവാങ്ങിയെന്നും നയതന്ത്രതലത്തിലൂടെ വിഷയം ചൈനീസ് സർക്കാരുമായി ചർച്ച ചെയ്തു. ഏത് വെല്ലുവിളിയേയും ഇന്ത്യൻ സൈന്യം ചെറുക്കുമെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.

അരുണാചൽ പ്രദേശിലെ തവാംഗിൽ യാംഗ്‌ത്സെയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ സൈനകർക്കാർക്കും ജീവൻ നഷ്ടമായിട്ടില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ ശക്തമായി നേരിട്ടുവെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇരുഭാഗത്തുള്ള സൈനികർക്കും പരിക്കേറ്റിട്ടുണ്ട്. ഉന്നത സൈനിക ഇടപെടലിനെ തുടർന്ന് സൈനികർ പിൻവാങ്ങിയതിനാൽ വലിയ സംഘർഷം ഒഴിവായെന്നാണ് സൂചനകൾ.