ജീവിതശൈലീരോഗ നിർണയം; 18 ശതമാനം പേർക്ക് ഗുരുതര രോഗസാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ

തിരുവനന്തപുരം: ജീവിതശൈലീരോഗ നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആറുമാസത്തിനിടെ വീട്ടിലെത്തി സൂക്ഷ്മപരിശോധന (സ്‌ക്രീനിങ്) നടത്തിയത് 50,01,896 പേരെ. സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയത്. 18.89 ശതമാനം (9,45,063) പേരാണ് ഇതിൽ ഏതെങ്കിലുമൊരു ഗുരുതരരോഗം വരാനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ ഉൾപ്പെടുന്നവർ. ഇവരെ വിദഗ്ധപരിശോധനയ്ക്ക് വിധേയരാക്കി.

10.76 ശതമാനം പേർക്ക് (5,38,491) രക്താതിമർദ്ദവും, 8.72 ശതമാനം പേർക്ക് (4,36,170) പ്രമേഹവും, 3.74 ശതമാനം പേർക്ക് (1,87,066) ഇവ രണ്ടും സംശയിക്കുന്നുണ്ട്. ഇവരിൽ ആവശ്യമുള്ളവർക്ക് സൗജന്യ രോഗ നിർണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.

ജീവിതശൈലീ രോഗങ്ങളും കാൻസറും നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്നു. ഈയൊരു ലക്ഷ്യം മുൻനിർത്തി വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ കാമ്പയിൻ വഴി 6.44 ശതമാനം പേർക്ക് (3,22,155) കാൻസർ സംശയിച്ച് റഫർ ചെയ്തിട്ടുണ്ട്. 0.32 ശതമാനം പേർക്ക് വദനാർബുദവും, 5.42 ശതമാനം പേർക്ക് സ്തനാർബുദവും, 0.84 ശതമാനം പേർക്ക് ഗർഭാശയ കാൻസർ സംശയിച്ചും റഫർ ചെയ്തിട്ടുണ്ട്.

ഈ രീതിയിൽ കണ്ടെത്തുന്നവർക്ക് രോഗ നിർണയത്തിനും ചികിത്സയ്ക്കുമായി കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് കാൻസർ കെയർ സ്‌ക്രീനിംഗ് ഡാഷ്ബോർഡ് പോർട്ടൽ അടുത്തിടെ സജ്ജമാക്കി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും സ്‌ക്രീനിംഗ് നടന്നു വരുന്നു. കൂടാതെ എല്ലാവർക്കും കാൻസർ ചികിത്സ ഉറപ്പ് വരുത്തുന്നതിന് കാൻസർ ഗ്രിഡിന്റെ മാപ്പിംഗ് എല്ലാ ജില്ലകളിലും നടന്നു വരികയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.