ശബരിമല ദര്‍ശനം: തീര്‍ഥാടകരുടെ എണ്ണം 90,000 ആക്കി പരിമിതപ്പെടുത്താന്‍ തീരുമാനം

തിരുവനന്തപുരം: ശബരിമലയില്‍ പ്രതിദിന ദര്‍ശനം 90,000 ആക്കി പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പി്കകുകയും നിലയ്ക്കലില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കുകയും ചെയ്യും. തിരക്കുള്ള ദിവസങ്ങളില്‍ വെളുപ്പിന് 3 മുതല്‍ 1.30 വരെയും വൈകിട്ട് മൂന്ന് മുതല്‍ 11.30 വരെയും ആയിരിക്കും ദര്‍ശനം. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേരാനും തീരുമാനമായി.

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ‘ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണം. ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികള്‍ എടുക്കണം. നിലയ്ക്കലിലുള്ള പാര്‍ക്കിംഗ് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം’- മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, പുതിയ തീരുമാനത്തോടെ തീര്‍ഥാടകര്‍ക്ക് 19 മണിക്കൂര്‍ ദര്‍ശന സൗകര്യം ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ വ്യക്തമാക്കി. ‘അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം നിയന്ത്രിക്കും. ഈ പൂജകള്‍ക്ക് ബുക്ക് ചെയ്തവര്‍ക്ക് സന്നിധാനത്തു നില്‍ക്കാനുള്ള അവസരം ഒരുക്കും. ഭക്ത ജനങ്ങള്‍ക്ക് വെള്ളവും ബിസ്‌ക്കറ്റും നല്‍കാന്‍ ശരംകുത്തിയില്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. നിലയ്ക്കലിലെ പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തും. 12000 വാഹനങ്ങള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യാം. വെര്‍ച്ച്വല്‍ ക്യൂവില്‍ 1,20000 പേരാണ് പ്രതിദിനം ബുക്ക് ചെയ്യുന്നത്. എന്നാല്‍, ബുക്ക് ചെയ്യുന്ന എല്ലാവരും വരാറില്ല. അനുഭവ സമ്പത്തുള്ള പൊലീസുകാരെ പതിനെട്ടാം പടിയില്‍ നിയോഗിക്കും. ആര്‍ക്കും ദര്‍ശനം നിഷേധിക്കില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, തിരക്കു നിയന്ത്രിച്ചു പരിചയമുള്ളവരെ വിന്യസിക്കുന്നതിന്റെ ഭാഗമായി സന്നിധാനം എസ്പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്കു മാറ്റുകയും പമ്പയുടെ ചുമതലയുണ്ടായിരുന്ന സുദര്‍ശനെ സന്നിധാനം എസ്പിയാക്കുകയും ചെയ്തു.