സില്‍വര്‍ ലൈന്‍: സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഭൂമി സംബന്ധമായ നടപടികളൊന്നും പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.

‘സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കില്ല. തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണ്. സില്‍വര്‍ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ല. പദ്ധതിക്കെതിരെ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളുണ്ടായപ്പോള്‍, ആ നീക്കത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താവുന്ന കേന്ദ്ര ഭരണ കക്ഷി കൂടി ഉള്‍പ്പെട്ടപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയി. പദ്ധതിക്കെതിരെ കേന്ദ്രത്തില്‍ നിന്നുള്ള ചില ഉത്തരവാദിത്തപ്പെട്ടവര്‍ സംസാരിക്കുന്ന രീതിയുമുണ്ടായി. ആ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാകാം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന് എന്നെങ്കിലും ഒരിക്കല്‍ പദ്ധതിക്കായി അനുമതി നല്‍കേണ്ടി വരും’- അദ്ദേഹം പറഞ്ഞു.