ആഗോള തലത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ കമ്പനികൾ; ലോകത്തെ മികച്ച അഞ്ഞൂറ് കമ്പനികളുടെ പട്ടികയിൽ 20 എണ്ണം ഇന്ത്യയുടേത്

ന്യൂഡൽഹി: ആഗോള തലത്തിൽ അഭിമാന നേട്ടവുമായി ഇന്ത്യൻ കമ്പനികൾ. ലോകത്തെ മികച്ച അഞ്ഞൂറ് കമ്പനികളുടെ പട്ടികയിൽ ഇരുപതെണ്ണം ഇന്ത്യയിലെ കമ്പനികളാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഹുറുൺ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് വെള്ളിയാഴ്ച പുറത്തിറക്കിയ 2022 ലെ ഹുറൺ ഗ്ലോബൽ 500 റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.

ലോകത്തിലെ മൂല്യവത്തായ 500 കമ്പനികളുടെ വിവരങ്ങൾ ഈ പട്ടികയിലുണ്ട്. നാല് റാങ്കുകൾ ഉയർത്തിയാണ് ഇന്ത്യ ഈ വർഷം പട്ടികയിൽ നില മെച്ചപ്പെടുത്തിയത്. യു എസ്, ചൈന, ജപ്പാൻ, യു കെ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസാണ്. 202 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം.

ആഗോളതലത്തിൽ 34-ാം സ്ഥാനത്താണ് അംബാനിയുടെ കമ്പനി. ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസ് ഇന്ത്യൻ കമ്പനികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 139 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം. എച്ച് ഡി എഫ് സി ബാങ്ക് (97 ബില്യൺ ഡോളർ) മൂല്യമുള്ള രാജ്യത്തെ മൂന്നാമത്തെ കമ്പനിയായി. അതേസമയം ലോക സമ്പന്നൻമാരുടെ പട്ടികയിൽ ആദ്യനിരയിലുള്ള അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളാണ് പട്ടികയിൽ ഇടം നേടിയത്. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെ അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നീ കമ്പനികളാണ് പട്ടികയിൽ ഇടംനേടിയത്.