ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ ഇടം നേടി അഞ്ച് ഇന്ത്യൻ വനിതകൾ. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരാണ് പട്ടികയിൽ ഇടംനേടിയത്. എച്ച്സിഎൽടെക് ചെയർപേഴ്സൺ റോഷ്നി നാടാർ മൽഹോത്ര, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സൺ മാധബി പുരി ബുച്ച്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ചെയർപേഴ്സൺ സോമ മൊണ്ടൽ മൽഹോത്ര, ബയോകോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മജുംദാർ-ഷാ, നൈക സ്ഥാപക ഫാൽഗുനി നായർ എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മറ്റുള്ള ഇന്ത്യക്കാർ.
തുടർച്ചയായി നാലാം തവണയാണ് നിർമ്മലാ സീതാരാമൻ പട്ടികയിൽ ഉൾപ്പെടുന്നത്. പട്ടികയിൽ 36-ാം സ്ഥാനത്താണ് നിർമ്മലാ സീതാരാമൻ. 2021-ൽ 37-ാം സ്ഥാനത്തായിരുന്നു നിർമ്മലാ സീതാരാമൻ ഉൾപ്പെട്ടിരുന്നത്. 2020-ൽ 41-ാം സ്ഥാനത്തും 2019-ൽ 34-ാം സ്ഥാനത്തുമായിരുന്നു മന്ത്രി. 10 രാഷ്ട്രത്തലവൻമാരും, 115 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 11 ശതകോടീശ്വരന്മാരും 39 സിഇഒമാരും 2022-ലെ ഫോബ്സ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നൈകയുടെ സ്ഥാപക ഫാൽഗുനി നായരുടെ സംരംഭം വളർന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ബ്യൂട്ടി ആന്റ് റീട്ടെയിൽ കമ്പനിയായി മാറിയത് പട്ടികയിൽ പ്രത്യേക പരാമർശത്തിന് അർഹമായി.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. യുക്രൈൻ യുദ്ധകാലത്തെ ശക്തമായ പ്രതിബദ്ധതയാണ് ഈ നേട്ടത്തിന് കാരണം. യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡാണ് രണ്ടാം സ്ഥാനത്തുള്ളത്. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

