2011 മുതൽ 16 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു; കണക്കുകൾ വിശദമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: 2011 മുതൽ 16 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര സർക്കാർ. കേന്ദ്രമന്ത്രി വി മുരളീധരൻ ലോക്‌സഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1,33,049 പേരാണ് 2017ൽ പൗരത്വം ഉപേക്ഷിച്ചത്. 2022 ൽ 183,741 പേർ പൗരത്വം ഉപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2015ൽ 1,31,489 പേരും 2016-ൽ 1,41,603 പേരും 2017-ൽ 1,33,049 പേരും ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു.

2018ൽ 1,34,561 പേരും 2019ൽ 1,44,017 പേരും 2020ൽ 85,256 പേരും 2021ൽ 1,63,370 പേരും പൗരത്വം ഉപേക്ഷിച്ചിട്ടുണ്ട്. ഈ വർഷം ഒക്ടോബർ 31 വരെ 1,83,741 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായും 2011 മുതൽ ആകെ 16,21,561 പേർ പൗരത്വം ഉപേക്ഷിച്ചതായും അദ്ദേഹം ലോകസഭയെ അറിയിച്ചു. കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്.

ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരുടെ എണ്ണത്തെക്കുറിച്ചും അദ്ദേഹം വിശദമാക്കി. 2015 ൽ ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഒഴികെ ഇന്ത്യൻ പൗരത്വം സ്വീകരിച്ച വിദേശ പൗരന്മാരുടെ എണ്ണം 93 ആണ്. 2016 ൽ 153 പേരും 2017ൽ 175 പേരും 2018 ൽ 129 പേരും 2019ൽ 113 പേരും 2020ൽ 27 പേരും 2021ൽ 42 പേരും 2022ൽ 60 പേരും ഇന്ത്യൻ പൗരന്മാർ സ്വീകരിച്ചു.