മതപരമായ ആഘോഷങ്ങള്‍ കലാപങ്ങളുടെ കാരണമായി ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നത് എന്തിന്?; ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് മതപരമായ ഘോഷയാത്രകള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളി സുപ്രീം കോടതി. മതപരമായ ഘോഷയാത്രകള്‍ വര്‍ഗ്ഗീയ കലാപത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ഇത്തരം ഘോഷയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ജിഒ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് ആണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം, സുപ്രീംകോടതിക്കേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്ന് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിംഗ് പറഞ്ഞു. ‘ഞാന്‍ തന്നെ ഈ അന്വേഷണ കമ്മീഷനുകളില്‍ ഇരുന്നിട്ടുണ്ട്. ഇത്തരം ഘോഷയാത്രകള്‍ക്ക് എങ്ങനെയാണ് അനുമതികള്‍ എങ്ങനെയാണ് നല്‍കേണ്ടത് എന്നതില്‍ മാര്‍ഗ്ഗനിര്‍ദേശം അത്യവശ്യമാണ്. വാളുകള്‍ തുടങ്ങിയ ആയുധങ്ങള്‍ എടുത്താണ് ഇന്ന് മതപരമായ ആഘോഷവേളകളിലെ ഘോഷയാത്രകള്‍ നടക്കുന്നത്. മതഘോഷയാത്രകള്‍ മൂലം വീണ്ടും വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയാണ്. അധികാരികള്‍ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. മതപരമായ ഘോഷയാത്രകളില്‍ കലാപ പരമ്പരകള്‍ ഉണ്ടാകുന്നുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സംസ്ഥാനങ്ങലുടെ കീഴിലുള്ളതാണ് ക്രമസമാധാന പരിപാലനമെന്നും, അതിനാല്‍ ഈ കാര്യത്തിലേക്ക് സുപ്രീം കോടതിയെ അനാവശ്യമായി വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. എല്ലാ മതപരമായ ആഘോഷങ്ങളും കലാപങ്ങളുടെ കാരണമായി നമ്മള്‍ എപ്പോഴും ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നത് എന്തിനാണ്? നാട്ടില്‍ ഇത്തരം ആഘോഷങ്ങള്‍ ഉണ്ടാക്കുന്ന നന്മകളും പരിഗണിക്കണം. ഗണേശപൂജയ്ക്കിടെ ലക്ഷങ്ങള്‍ ഒത്തുകൂടുന്നുണ്ടെങ്കിലും കലാപങ്ങളൊന്നും നടക്കാത്ത മഹാരാഷ്ട്രയിലെ ഉദാഹരണവും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. രാജ്യം വൈവിധ്യപൂര്‍ണ്ണമാണെന്നും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഒരു ഭാഗത്തെ അവസ്ഥയെന്നും ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരെ ഓര്‍മ്മിപ്പിച്ചു.