ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക കോൺഗ്രസ് ഹൈക്കമാൻഡ്

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക കോൺഗ്രസ് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന് വിടാൻ നിയമസഭാ കക്ഷി യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രിയെ എംഎൽഎമാരിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്. നാടകീയ രംഗങ്ങളാണ് ഹിമാചൽ പ്രദേശ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തിനുള്ള പോര് സംസ്ഥാനത്ത് കനക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് പ്രതിഭാ സിംഗ് രംഗത്തെത്തിയിരുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയാണ് പ്രതിഭ. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്റെ ഫലം മാറ്റാർക്കെങ്കിലും നൽകാനാകില്ലെന്നാണ് പ്രതിഭയുടെ വാദം.

അതേസമയം, ഷിംലയിൽ കഴിഞ്ഞ ദിവസം നടന്ന നിയമസഭാ കക്ഷി യോഗത്തിൽ40 എംഎൽഎമാരും പങ്കെടുത്തിരുന്നു. എഐസിസി നിരീക്ഷകരായ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെൽ, ഭൂപീന്ദർ ഹൂഡ, രാജീവ് ശുക്ല എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രിയാരാകണമെന്നതിൽ ആദ്യഘട്ട ചർച്ചകളാണ് നടന്നത്. പ്രചാരണ ചുമതലയുള്ള മുൻ പിസിസി അധ്യക്ഷൻ സുഖ്വീന്ദർ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. മകന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി പ്രതിഭയെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കാൻ സാധ്യതയുള്ളതായാണ് വിവരം.