പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധം; ഹൈക്കോടതി

കൊച്ചി: വിവാഹമോചനവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾ ഒരു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാത്തിരിപ്പ് നിബന്ധന മൗലീകാവകാശങ്ങളുടെ ലംഘനമാണെന്നും ഇതിന്റെ പേരിൽ കുടുംബകോടതികൾ അപേക്ഷ നിരസിക്കരുതെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

ഈ നിബന്ധന ചൂണ്ടിക്കാട്ടി തങ്ങളുടെ വിവാഹ മോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത ദമ്പതികൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു നിർദ്ദേശം നൽകിയത്. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹങ്ങളെ കുറിച്ചാണ് കോടതിയുടെ പരാമർശം.

ദമ്പതികളുടെ അപേക്ഷ അടിയന്തരമായി പരിഗണിക്കാനും രണ്ടാഴ്ചയ്ക്കം ഹർജി തീർപ്പാക്കാനുമാണ് കുടുംബകോടതിക്ക് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.