കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവള ലിമിറ്റഡിന്റെ സ്വകാര്യ/ചാർട്ടർ വിമാനങ്ങൾക്കായുള്ള ബിസിനസ് ജെറ്റ് ടെർമിനൽ ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയനാണ് ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലാണിത്. 40,000 ചതുരശ്രയടിയാണ് ഇതിന്റെ വിസ്തീർണ്ണം. ബിസിനസ് ജെറ്റ് ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന നാലു വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറുമെന്നതാണ് മറ്റൊരു സവിശേഷത. രാജ്യാന്തര, ആഭ്യന്തര ബിസിനസ് ജെറ്റ് സർവീസുകൾ, വിനോദസഞ്ചാരം, ബിസിനസ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കുമെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.
ടെർമിനൽ നിർമ്മാണത്തിനായി ചെലവഴിച്ചത് 30 കോടി രൂപയാണ്. 10 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ സിയാലിന് കഴിഞ്ഞു. വിഐപി അതിഥികൾക്കായി സേഫ് ഹൗസ്, ബിസിനസ് സെന്റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ, അത്യാധുനിക വിഡിയോ കോൺഫറൻസിങ് സംവിധാനം, സ്വകാര്യ കാർ പാർക്കിങ് ഇടം, ഡ്രൈവ്-ഇൻ പോർച്ച്, ഗംഭീരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ തുടങ്ങിയവയെല്ലാം ഈ ടെർമിനലിന്റെ ആകർഷണങ്ങളാണ്.
പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും വിജയകരമായി നടപ്പിലാക്കാനുമുള്ള സിയാലിന്റെ വികസന നയത്തിന്റെ ഭാഗമായാണ് ബിസിനസ് ജെറ്റ് ടെർമിനൽ നിർമ്മാണം. വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി രാജീവാണ് ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിക്കുന്നത്. റവന്യു / ഹൗസിങ് വകുപ്പ് മന്ത്രി കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഡിസംബർ 11 മുതലായിരിക്കും പുതിയ ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നത്.

