വിളർച്ച തടയാം; പ്ലം കഴിക്കൂ

പോഷക സമ്പുഷ്ടമായ ഫലങ്ങളിൽ ഒന്നാണ്‌ പ്ലം. പഴമായിട്ടും സംസ്‌കരിച്ചും ഉണക്കിയും പ്ലം കഴിക്കാം. ഉണങ്ങിയ പ്ലം പ്രൂൺസ്‌ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നിരവധി വിറ്റാമിനുകളും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള പോഷകാഹാരമാണിത്‌. സൂപ്പർ ഓക്‌സൈഡ്‌ അനിയോൺ റാഡിക്കലെന്ന വിനാശകരമായ ഓക്‌സിജൻ റാഡിക്കലിനെ നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റി ഓക്‌സഡന്റുകൾ ഇവയിൽ ധാരാളമുണ്ട്.

പ്ലം പഴത്തിൽ വിറ്റാമിൻ എ, സി, പി, ബി 1, ബി 2, പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ബോറോൺ, മാംഗനീസ്, സിങ്ക്, നിക്കൽ, ക്രോമിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകളും ഫ്ലേവനോയിഡുകളും ഈ ഫലവർഗത്തിലുണ്ട്.

വിശപ്പ് വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്ലം സഹായിക്കും. വൃക്കരോഗം, സന്ധിവാതം, വാതം, രക്തപ്രവാഹം തുടങ്ങിയവയ്ക്ക് ചികിത്സിക്കാൻ പ്ലം ഡ്രിങ്കുകൾ ഉപയോഗിക്കാറുണ്ട്. വിളർച്ച, ഹൃദയ രോഗങ്ങൾ എന്നിവയ്ക്കും പ്ലം കഴിക്കുന്നത് വളരെ നല്ലതാണ്.