ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്; എം വി ഗോവിന്ദൻ

തിരുവനന്തപുരം: ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് മുസ്ലീം ലീഗെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രേഖയിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. ലീഗ് ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണെന്നാണ് സിപിഎം കണ്ടിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വർഗീയ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐ ഉൾപ്പെടെയുള്ളവരോട് കൂട്ടുകൂടുന്ന സമയത്ത് സിപിഎം മുസ്ലീം ലീഗിനെ വിമർശിച്ചിട്ടുണ്ട്. വർഗീയ നിറമുള്ള പാർട്ടിയെന്നൊക്കെ പറയുന്നത് വ്യത്യാസമുണ്ട്. മതത്തിന്റെ പേരിൽ പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് വർഗീയതയിലേക്ക് എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യ രീതിയിൽ ഒരു ന്യൂനപക്ഷ വിഭാഗത്തെ സംഘടിപ്പിച്ച് മുന്നോട്ടുവരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇഎംഎസിന്റെ കാലത്ത് മുസ്ലിം ലീഗുമായി സിപിഎം കൈകോർത്തിട്ടുണ്ടല്ലോ. തങ്ങൾക്ക് അതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. മുസ്ലീം ലീഗ് 1967-ലെ സർക്കാരിൽ സിപിഎമ്മിനൊപ്പം ചേർന്ന് ഭരണം നടത്തിയിട്ടുള്ള പാർട്ടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വർഗീയതയ്ക്കെതിരെയും മതനിരപേക്ഷതയ്ക്ക് വേണ്ടിയും നിലകൊള്ളുന്ന ആരുമായും ദേശീയ അടിസ്ഥാനത്തിൽ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മൂന്നോട്ടുപോകുന്നതിൽ യാതൊരു തടസവുമില്ല. എങ്ങനെയൊക്കെയാണ് ഇന്ത്യ മാറുന്നത്, എങ്ങനെയാണ് ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കാൻ പോകുന്നത് തുടങ്ങിയ വിവിധ വശങ്ങൾ പരിശോധിച്ചുകൊണ്ട് ആവശ്യമായ നിലപാട് സ്വീകരിക്കും. അപ്പോൾ ആരൊക്കെ എവിടെയൊക്കെ നിൽക്കുന്നുവെന്നത് വ്യക്തമാകുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു. സിപിഎമ്മിന് യുഡിഎഫിനെ തകർക്കുകയെന്ന യാതൊരു ലക്ഷ്യവുമില്ല. അവരുടെ തന്നെ നിലപാടിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫ്. തകരുന്നതിൽ വിഷമിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.