തന്റെ ഭാവി പാർട്ടി തീരുമാനിക്കും; ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: തനിക്കെതിരായ ഹർജിയിൽ ഹൈക്കോടതിയുടേത് നല്ല വിധിയാണെന്നും, സന്തോഷമുണ്ടെന്നും സജി ചെറിയാൻ എംഎൽഎ. തന്റെ ഭാവി പാർട്ടി തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ സജി ചെറിയാന്റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്നും ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു നടപടി.

രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനുള്ള ഇടപെടൽ വേണമെന്നുമായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. മലപ്പുറം സ്വദേശി ബിജു പി ചെറുമൻ, ബി എസ് പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവർ ചേർന്നാണ് ഹർജി നൽകിയിരുന്നത്.