സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയിട്ടില്ല: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: കേരളത്തിലെ സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങള്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞു. എളമരം കരീം എംപിയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഡിപിആര്‍ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും തിരുവനന്തപുരത്ത് ടെര്‍മിനല്‍ വേണോ എന്ന് ദക്ഷിണ റെയില്‍വേ വിശദമായ പഠനം നടത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ദക്ഷിണ റെയില്‍വേയുടെ പഠന റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക. പദ്ധതി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രിയില്‍ നിന്ന് ഉറപ്പു കിട്ടിയതായി കൂടിക്കാഴ്ചക്ക് ശേഷം കേരള നേതാക്കള്‍ അറിയിച്ചിരുന്നു.