വെള്ളരിക്ക കഴിക്കാം; ആരോഗ്യം മെച്ചപ്പെടുത്താം

പോഷക ഘടകങ്ങൾ ഏറെയുള്ള പച്ചക്കറിയാണ് വെള്ളരിക്ക. ജലാംശം ലഭിക്കുന്നതിനും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കഴിക്കാവുന്ന ഏറ്റവും മികച്ച പച്ചക്കറിയാണിത്. വിറ്റാമിനുകളും ഫൈറ്റോ ന്യൂട്രിയന്റുകളും ഇവയിൽ ധാരാളമായുണ്ട്. ബീറ്റാ കരോട്ടിൻ പോലുള്ള ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് വെള്ളരി.

ഒരു വെള്ളരിക്കയിൽ ഏകദേശം 8 കലോറി അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിലെ വിറ്റാമിൻ കെ എല്ലുകളെ ആരോഗ്യകരവും ശക്തവുമാക്കുന്നതിനും സഹായിക്കുന്നു. വെള്ളരിയിലുള്ള വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.

മഗ്‌നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങളും വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയർന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്. വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തിൽ കടന്നുപോകാൻ അനുവദിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്.

പ്രമേഹരോഗികൾ വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.