സ്‌ക്രാച്ച് ആന്റ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നു; മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

കൊച്ചി: സ്‌ക്രാച്ച് ആന്റ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവമാകുന്നതായി മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഇത്തരം തട്ടിപ്പുകൾ വ്യാപകമാവുന്നുണ്ടെന്നും ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്നും എറണാകുളം ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ മുന്നറിയിപ്പ് നൽകി.

എറണാകുളം കാലടി സ്വദേശി റോയി എന്നയാൾക്ക് കഴിഞ്ഞ ദിവസം തപാലിൽ തട്ടിപ്പ് സമ്മാന കാർഡ് ലഭിച്ചിരുന്നു. കയ്യിൽ കിട്ടിയ കാർഡ് ഉരച്ച് നോക്കിയപ്പോൾ റോയിക്ക് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഈ സമ്മാനം കയ്യിൽ കിട്ടുന്നതിന് എന്തൊക്കെ ചെയ്യണമെന്നും ഈ കാർഡിൽ വിശദമാക്കിയിട്ടുണ്ട്. സമ്മാനം ലഭിക്കുന്നതിനായി ബാങ്ക് അകൗണ്ടിന്റെ വിശദാംശങ്ങൾ അയച്ചു കൊടുക്കണമെന്നാണ് നിർദ്ദേശം. ബാങ്കിന്റെ പേര്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ് തുടങ്ങിയ വിവരങ്ങളാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിന്റെ പേരിലാണ് കാർഡ് ലഭിച്ചിരിക്കുന്നത്.

സംശയം തോന്നിയതിനാൽ റോയ് ഈ തട്ടിപ്പിൽ വീണില്ല. സമ്മാനം ലഭിക്കുന്നതിന് തട്ടിപ്പു സംഘം വലുതും ചെറുതുമായ തുകകൾ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. ബാങ്ക് വിവരങ്ങളും, ഒ.ടി.പിയും കിട്ടുന്നതോടെ അക്കൗണ്ടിലുള്ള തുക തട്ടിയെടുക്കുകയെന്നതും ഇവരുടെ രീതിയാണ്.