കുട്ടികളിലെ പ്രമേഹം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…..

ഇന്ന് പലരിലും കണ്ടുവരുന്ന ഒരു ജീവിതശൈലീ രോഗമാണ് പ്രമേഹം. കാര്യമായും മുതിർന്നവരെയാണ് പ്രമേഹം ബാധിക്കുകയെങ്കിൽ പോലും ചില സന്ദർഭങ്ങളിൽ ഇത് കുട്ടികളിലും ബാധിക്കാറുണ്ട്. കുട്ടികളിൽ പ്രമേഹം പിടിപെടുന്നത് തടയാൻ ഒരു പരിധി വരെ നമുക്കാകും. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കുട്ടികളാണെങ്കിൽ പോലും ശരീരവണ്ണം നിയന്ത്രിതമായ നിലയിലായിരിക്കണം മുന്നോട്ട് പോകേണ്ടത്. അമിതവണ്ണമുള്ള കുട്ടികളിൽ പ്രമേഹമടക്കം പല റിസ്‌കുകളുണ്ട്. അതിനാൽ പ്രായത്തിനും ഉയരത്തിനും അനുസരിച്ച ശരീരഭാരം സൂക്ഷിക്കാൻ ശ്രദ്ധിക്കുക. കുട്ടികളുടെ ഭക്ഷണകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. അവർ ഇഷ്ടമുള്ളതേ കഴിക്കൂ എന്ന നിലയിൽ അവരെ ഇഷ്ടാനുസരണം വിടരുത്. മറിച്ച് ആരോഗ്യകരമായ ഭക്ഷണങ്ങൾ അവർ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണം.

ഉറക്കപ്രശ്‌നങ്ങളും കുട്ടികളിൽ പ്രമേഹസാധ്യത വർധിപ്പിക്കും. അതിനാൽ കുട്ടികളുടെ ഉറക്കസമയവും മാതാപിതാക്കൾ കൃത്യമായി ശ്രദ്ധിക്കണം. ദിവസവും ഒരേസമയം തന്നെ കുട്ടികൾ ഉറങ്ങുന്നുണ്ടെന്നും സുഖകരമായ ഉറക്കം അവർക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

മൊബൈൽ ഫോണും ലാപ്‌ടോപും ഗെയിമുകളുമായി വീട്ടിനകത്ത് തന്നെ കുട്ടികൾ ചടഞ്ഞുകൂടിയിരിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകും. അതിനാൽ കുട്ടികൾക്ക് വ്യായാമം ഉറപ്പു വരുത്തണം. കുട്ടികളുടെ പ്രമേഹവുമായി ബന്ധപ്പെട്ട് സംശയങ്ങളും ആശങ്കകളുമുണ്ടെങ്കിൽ ഡോക്ടറുമായി വിശദമായി സംസാരിക്കുന്നതാണ് നല്ലത്. ഇതിനെ പ്രതിരോധിക്കാൻ കൈക്കൊള്ളേണ്ട മാർഗങ്ങൾ, കൃത്യമായ ഇടവേളകളിലെ പരിശോധനകൾ എന്നിവയെ കുറിച്ചെല്ലാം ഡോക്ടർ മാർഗനിർദേശം നൽകും.