ചൈനീസ് എംബസിയിൽ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷൻ പണം കൈപ്പറ്റി; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഒഴിവാക്കാനാണ് പാർലമെന്റിൽ കോൺഗ്രസ് അതിർത്തി വിഷയം ഉന്നയിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ചൈനീസ് എംബസിയിൽ നിന്നും ഇസ്ലാമിക പ്രഭാഷകൻ സാകിർ നായികിൽ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷൻ പണം കൈപ്പറ്റിയതുകൊണ്ടാണ് അതിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അതിർത്തിയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ കോൺഗ്രസ് ലോക്‌സഭയിൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളോട് കോൺഗ്രസിനെതിരെ ആഭ്യന്തര മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്.

1.35 കോടി രൂപ ചൈനീസ് എംബസിയിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ കൈപ്പറ്റിയിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) ലംഘിച്ചുകൊണ്ടായിരുന്നു ഇത്. അതുകൊണ്ടാണ് അവരുടെ രജിസ്ട്രേഷൻ റദ്ദാക്കിയത്. 2005-07 കാലഘട്ടത്തിൽ ചൈനീസ് എംബസിയിൽ നിന്ന് 1.35 കോടി രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ചോ എന്ന് കോൺഗ്രസ് പറയണം. 2011 ജൂലായിയിൽ സാകിർ നായികിന്റെ സംഘടനയിൽ നിന്ന് അനുമതിയില്ലാതെ എഫ്സിആർഎ അക്കൗണ്ടിൽ 50 ലക്ഷം രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന് കിട്ടിയോ എന്ന് വിശദീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.