തിരുവനന്തപുരം: പതിനാറ് കാരവനുകളും 31 സഞ്ചാരികളുമായി കേരളത്തിലെത്തിയ ആഗോള സഞ്ചാരികൾക്ക് തിരുവനന്തപുരത്ത് സ്വീകരണം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് സംഘത്തെ സ്വീകരിച്ചത്. കേരളത്തിന്റെ കാരവൻ ടൂറിസത്തെ കുറിച്ച് മനസ്സിലാക്കി, യാത്രയുടെ റൂട്ട് മാറ്റി ഇവിടേക്ക് വന്ന സഞ്ചാരികൾക്ക് നന്ദി അറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
തുർക്കിയിലെ ഇസ്താംബുളിൽ നിന്ന് ഓസ്ട്രേലിയയിലെ ഡാർവിനിലേക്ക് യാത്ര നടത്തുന്ന ഓട്ടോമൊബൈൽ എക്സ്പെഡിഷൻ എന്ന സംഘമാണ് കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ആസ്വദിക്കാനെത്തിയത്. ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും 16 കാരവാനുകളിലായി 31 സഞ്ചാരികളാണ് സംഘത്തിലുള്ളത്. യൂറോപ്പിൽ നിന്നും തുടങ്ങി 365 ദിവസം 17 രാജ്യങ്ങളിലൂടെ 50,000 കിലോമീറ്റർ കാരവാനിൽ സഞ്ചരിച്ച് ഓസ്ട്രേലിയയിൽ യാത്ര അവസാനിപ്പിക്കാനാണ് തീരുമാനിച്ചത്. ഇന്ത്യയിൽ ഗോവ വരെയായിരുന്നു യാത്ര. ഇതിനിടയിലാണ് കേരളത്തിന്റെ കാരവൻ ടൂറിസത്തെ കുറിച്ച് ഇവർ മനസ്സിലാക്കുന്നത്. യാത്രയുടെ റൂട്ട് മാറ്റി 16 കാരവാനുകളും നേരെ കേരളത്തിലേക്ക്. ആലപ്പുഴയും കുമളിയും തേക്കടിയും കഴിഞ്ഞാണ് സംഘം തിരുവനന്തപുരത്തെത്തിയത്. സംഘത്തെ നേരിൽ കാണാനും കേരളത്തിന്റെ ടൂറിസം ഡെസ്റ്റിനേഷനുകളെ കുറിച്ച് സംസാരിക്കാനും കഴിഞ്ഞുവെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
കാരവൻ യാത്രികരായ സഞ്ചാരികളുടെ സന്ദർശനം കേരളത്തിന്റെ കാരവൻ ടൂറിസം നയം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കോവിഡിനു ശേഷം വിദേശ സഞ്ചാരികളുടെ വലിയ തോതിലുള്ള വരവ് പ്രതീക്ഷിക്കുന്ന കേരളത്തിന് ആഗോള യാത്രസംഘത്തിന്റെ സന്ദർശനം പ്രതീക്ഷ പകരുന്നതാണ്. കേരളത്തിലേക്ക് വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്ത മന്ത്രി യാത്രാ ഷെഡ്യൂളിൽ സംസ്ഥാനത്തെ ഉൾപ്പെടുത്തിയതിൽ അദ്ദേഹം നന്ദി അറിയിച്ചു.

