ഷി ജിന്‍പിംഗ് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് സൗദിയില്‍

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജീവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തും. റിയാദില്‍ നടക്കുന്ന സൗദി-ചൈന ഉച്ചകോടിക്ക് സല്‍മാന്‍ രാജാവും പ്രസിഡന്റ് ഷിയും സംയുക്തമായി അധ്യക്ഷത വഹിക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും പൊതു താല്‍പ്പര്യങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ, സാമ്പത്തിക സഹകരണത്തിനുള്ള കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഷിയുടെ സന്ദര്‍ശനം.

അതേസമയം, സൗദി അറേബ്യക്ക് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും അറബ് രാജ്യങ്ങളുമായുമുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ചൈനീസ് പ്രസിഡന്റിന്റെ യാത്രാലക്ഷ്യം. സൗദി-ചൈനീസ് ഉച്ചകോടിക്ക് പുറമെ സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ് ഗള്‍ഫ്- ചൈന ഉച്ചകോടി, സഹകരണത്തിനും വികസനത്തിനുമുള്ള റിയാദ് അറബ്- ചൈന ഉച്ചകോടി എന്നീ രണ്ട് ഉച്ചകോടികളില്‍ കൂടി ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും. ഇരു രാജ്യങ്ങളിലെയും അന്താരാഷ്ട്ര സംഘടനകളിലെയും 30ലധികം നേതാക്കളും ഉദ്യോഗസ്ഥരും ഉച്ചകോടികളില്‍ പങ്കെടുക്കും.

ചൈനയും സൗദിയും തമ്മില്‍ 110 ബില്യണ്‍ റിയാല്‍ (29.3 ബില്യണ്‍ ഡോളര്‍) വിലമതിക്കുന്ന 20ലധികം പ്രാരംഭ കരാറുകള്‍ ഒപ്പുവയ്ക്കും. രണ്ട് രാജ്യങ്ങളും സംയുക്തമായി പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പ് ആരംഭിക്കാനും പദ്ധതിയുണ്ട്. ഏകദേശം 22.5 ബില്യണ്‍ റിയാല്‍ മൂല്യമുള്ള ഒരു സംരംഭമാണ്. ഇതില്‍ സൗദിക്ക് 51 ശതമാനം ഓഹരിയുണ്ടാകും. 2005 നും 2020 നും ഇടയില്‍ അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ ചൈനീസ് നിക്ഷേപം സ്വീകരിച്ച രാജ്യം സൗദി ആയിരുന്നു. ഏകദേശം 196.9 ബില്യണ്‍. വ്യാപാരത്തിനും നിക്ഷേപത്തിനും അപ്പുറം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി കൂടുതല്‍ വികസിച്ചിട്ടുണ്ട്. 2019 ല്‍, സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സാംസ്‌കാരിക സഹകരണത്തിനുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അവാര്‍ഡ് സ്ഥാപിക്കുന്നതായി സൗദി സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രസിഡന്റ് ഷിയുടെ സന്ദര്‍ശന വേളയില്‍ ഔദ്യോഗികമായി ആരംഭിക്കും. നിരവധി സൗദി സര്‍വ്വകലാശാലകളും സ്‌കൂളുകളും ചൈനീസ് ഭാഷയില്‍ ക്ലാസുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.