35 കോടി ചെലവില്‍ കരുണാകരന് തലസ്ഥാനത്ത്‌ പാര്‍ട്ടി വക സ്മാരകം

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനു നന്ദാവനത്ത് സര്‍ക്കാര്‍ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി കോണ്‍ഗ്രസ് സ്മാരകം ഉയര്‍ത്തുന്നു. ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്മാരകമാണ് പാര്‍ട്ടി വിഭാവനം ചെയ്യുന്നത്. പ്രധാന റോഡിനോട് ചേര്‍ന്ന് ബിഷപ് പെരേര ഹാളിന് എതിര്‍വശത്തായാണ് സ്മാരകം നിര്‍മ്മിക്കുക.

35 കോടി രൂപ ചെലവാണ് നിര്‍മ്മാണത്തിന് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ ഓരോ ബൂത്ത് കമ്മിറ്റിയില്‍ നിന്നും 10,000 രൂപ സമാഹരിക്കും. കരുണാകരന്റെ ചരമവാര്‍ഷിക ദിനമായ ഡിസംബര്‍ 23ന് മണ്ഡലം പ്രസിഡന്റുമാരെ ഇതിനുള്ള കൂപ്പണുകള്‍ ഏല്‍പിക്കും. പഠനഗവേഷണ കേന്ദ്രം, അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ട്, നേതൃത്വപരിശീലന കേന്ദ്രം, ലൈബ്രറി, സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി കാരുണ്യ ഹെല്‍പ് ഡെസ്‌ക്, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഉണ്ടായിരിക്കും.

അതേസമയം, കെപിസിസിയുടെ കീഴില്‍ 12 വര്‍ഷം മുന്‍പ് രൂപീകരിച്ച കെ. കരുണാകരന്‍ ഫൗണ്ടേഷനാണ് സ്മാരക നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. ലീഡര്‍ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ കോണ്‍ഗ്രസ് നേരത്തേ തീരുമാനിച്ചതാണെങ്കിലും നീണ്ടുപോവുകയായിരുന്നു. എന്നാല്‍, കോഴിക്കോട്ട് നടന്ന ചിന്തന്‍ ശിബിരത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ധാരണയായി. കെ. സുധാകരന്‍ (ചെയ), കെ.മുരളീധരന്‍ (വൈ. ചെയ), പത്മജ വേണുഗോപാല്‍ (ട്രഷ), ഇബ്രാഹിംകുട്ടി കല്ലാര്‍ (ജന. സെക്ര) എന്നിവരാണ് ഫൗണ്ടേഷനു നേതൃത്വം നല്‍കുന്നത്.