കൊച്ചി: ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് മാത്രമെന്തിനാണെന്ന ചോദ്യവുമായി ഹൈക്കോടതി. പെൺകുട്ടികളെ ഹോസ്റ്റലുകളിൽ പൂട്ടിയിടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്.
ആൺകുട്ടികളുടെ ഹോസ്റ്റലിൽ ഇല്ലാത്ത ഒരു സമയക്രമം പെൺകുട്ടികൾക്ക് മാത്രമായി എന്തടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. രക്ഷിതാക്കളുടെ ആവശ്യപ്രകാരം അച്ചടക്കം പാലിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ 9.30 എന്ന സമയക്രമം നിശ്ചയിച്ചിരിക്കുന്നതെന്നാണ് സർക്കാർ കോടതിയിൽ വിശദമാക്കിയത്. എന്നാൽ, കോടതി ഈ വാദം അംഗീകരിക്കാൻ തയ്യാറായില്ല. ആൺകുട്ടികൾക്ക് ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും പെൺകുട്ടികൾക്കും ലഭിക്കണമെന്ന് കോടതി നിർദേശിച്ചു.
പെൺകുട്ടികൾ രാത്രി പത്തുമണിക്ക് മുൻപ് കോളേജ് ഹോസ്റ്റലിനുള്ളിൽ പ്രവേശിക്കണമെന്നതാണ് കോഴിക്കോട് മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലിൽ നിലവിലുള്ള നിയമം. ഹോസ്റ്റലിന്റെ ഗേറ്റ് പത്ത് മണി കഴിഞ്ഞാൽ അടയ്ക്കും. പിന്നീട് വരുന്ന വിദ്യാർഥികൾ ഏറെ നേരം പുറത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ചോദ്യം ചെയ്താണ് കഴിഞ്ഞദിവസം പെൺകുട്ടികൾ രംഗത്തെത്തിയത്. തുടർന്ന് പ്രതിഷേധവും നടന്നിരുന്നു.
മെഡിക്കൽ കോളേജിൽ രാത്രി 11.30 വരെ ലൈബ്രറിയും മറ്റും പ്രവർത്തിക്കുന്നുണ്ട്. ഈ സംവിധാനങ്ങൾ തങ്ങൾക്കും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു പെൺകുട്ടികൾ വ്യക്തമാക്കിയിരുന്നത്. ആൺകുട്ടികൾക്ക് ഇത്തരം നിയന്ത്രണങ്ങളില്ലെന്നും പെൺകുട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നു.

