കൊച്ചി: വിഴിഞ്ഞം സമവായത്തിൽ പ്രതികരണവുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വിഴിഞ്ഞം സമവായം സന്തോഷകരമായ വാർത്തയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. തുറമുഖം വേണമെന്നാണ് സഭയുടെ നിലപാട്. മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ജനങ്ങൾ ഉൾക്കൊള്ളണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം സർക്കാർ പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇനി തുറന്ന മനസോടെ സമവായം പ്രയോഗത്തിലെത്തിക്കണം. രണ്ട് കൂട്ടരും ധാരണയിൽ ഉറച്ച് നിൽക്കണം. വിഴിഞ്ഞം പ്രതിഷേധം സഭയുടെ മാത്രം വിഷയമല്ലെന്നും ക്രൈസ്തവർക്കൊപ്പം മറ്റ് വിഭാഗങ്ങളുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തത്കാലത്തേക്ക് സമരം നിർത്തുന്നുവെന്ന് സമരസമിതി അറിയിക്കുകയായിരുന്നു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ഫാദർ യൂജിൻ പെരേര വ്യക്തമാക്കി
തീരശോഷണത്തെ കുറിച്ചും പദ്ധതിയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും പൊതുജനം വേണ്ടത്ര ബോധവാന്മാരല്ല. പഠനം നടത്തുകയും ആഘാതങ്ങൾ ബോധ്യപ്പെടുകയും ചെയ്താൽ സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തില്ലെന്ന് സർക്കാർ സമരക്കാരെ അറിയിച്ചിട്ടുണ്ട്. വീട് നഷ്ടമായവർക്കുള്ള വാടകയായ 5,500 രൂപ പൂർണ്ണമായും സർക്കാർ നൽകും. 8,000 രൂപയായിരുന്നു സമരക്കാരുടെ ആവശ്യം. പഠനസമിതിയിൽ പ്രാദേശിക പ്രതിനിധി വേണമെന്നതിലും തീരുമാനമായില്ല.

