കാക്കനാട്: എറണാകുളം ജില്ലയിൽ ഉത്സവങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് രൂപം നൽകി. ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. 2012നു മുൻപ് ആന എഴുന്നള്ളിപ്പുണ്ടായിരുന്ന ക്ഷേത്രങ്ങൾക്കു മാത്രമേ തുടർന്നും എഴുന്നള്ളിപ്പിന് അനുമതി ലഭിക്കുകയുള്ളൂവെന്ന് യോഗത്തിൽ തീരുമാനമായി. എഴുന്നള്ളിപ്പിന് ആവശ്യമായ സ്ഥലസൗകര്യം ഉണ്ടാകണം. 15 ആനകളിൽ കൂടുതൽ എഴുന്നള്ളിക്കാൻ പൊലീസിന്റെ അനുമതി വേണം. എഴുന്നള്ളിക്കുന്ന ആനകളും കാണികളും തമ്മിൽ കുറഞ്ഞത് 3 മീറ്ററെങ്കിലും അകലം വേണം. പകൽ 10 മുതൽ വൈകിട്ടു 4 വരെ തുറസ്സായ സ്ഥലത്ത് ആനകളെ എഴുന്നള്ളിക്കരുതെന്നും മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
എഴുന്നള്ളിപ്പ് രാവിലെ 10ന് ശേഷം നീണ്ടാൽ പന്തൽ ഒരുക്കണം. ഉത്സവപ്പറമ്പുകളിൽ ആനകളുടെ ശ്രദ്ധ തിരിക്കുംവിധമുള്ള ലേസർ വിളക്കുകൾ ഉപയോഗിക്കരുത്. ആനകളെ പരിപാലിക്കുന്ന സമയത്തു മദ്യപിച്ചതായി തെളിഞ്ഞാൽ പാപ്പാൻമാർക്കെതിരെ നടപടി സ്വീകരിക്കും. സംശയമുള്ള പാപ്പാൻമാരെ ബ്രെത്ത്ലൈസർ ഉപയോഗിച്ചു പരിശോധിക്കും. ആനകൾക്കു ഭക്ഷണവും വിശ്രമവും ഉറപ്പാക്കണം. വലിയ എഴുന്നള്ളിപ്പുകൾക്ക് മുൻപ് ആനകളെ സംബന്ധിച്ച വിശദാംശങ്ങൾ നോട്ടിസ് ബോർഡിൽ പ്രദർശിപ്പിക്കണം. ആചാരത്തിന്റെ ഭാഗമായല്ലാതെ ആനകൾക്ക് സ്വീകരണം നൽകരുത്. പരുക്കുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും നിർദ്ദേശമുണ്ട്.
അതേസമയം, ജില്ലയിൽ എഴുന്നള്ളിപ്പിനു പറ്റിയ 8 ആനകളേയുള്ളൂവെന്നും ശേഷിക്കുന്നവയെ ഇതര ജില്ലകളിൽ നിന്നുകൊണ്ടുവരികയാണെന്നും ബന്ധപ്പെട്ടവർ യോഗത്തിൽ പറഞ്ഞു. ജില്ലയിൽ ഒരു വർഷത്തിനിടെ 2 നാട്ടാനകൾ ചരിഞ്ഞു. ആനകളെ എഴുന്നള്ളിക്കുന്നതിലെ നിബന്ധനകൾ ലംഘിച്ചതിനു കഴിഞ്ഞ വർഷം ജില്ലയിൽ 2 ക്ഷേത്രങ്ങൾക്കെതിരെ കേസെടുത്തുവെന്നും ഉദ്യോഗസ്ഥർ വിശദമാക്കി.

