കണ്ണൂർ പാലയാട് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എഎസ്എഫ്‌ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംങ് പരാതി തെറ്റാണ്. അലൻ, പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. ബദറുദ്ദീൻ എന്ന വിദ്യാർത്ഥിയുമായി അദിൻ സുബി വഴക്കുണ്ടാക്കുന്നതും അലൻ ഇരുവരെയും പിടിച്ച് മാറ്റാൻ അങ്ങോട്ടെത്തുന്നതുമാണ് സിസിടിവിയിൽ ദൃശ്യങ്ങളിലുള്ളത്. അദിൻ സുബിയാണ് തർക്കം ആരംഭിച്ചതെന്നും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
നവംബർ 2 ന് കോളേജിൽ കെഎസ് യു- എസ്എഫ്‌ഐ സംഘർഷം നടന്നിരുന്നു. ഇതിന് പിന്നാലെ സംഭവ സ്ഥലത്തെത്തി വിദ്യാർത്ഥികളെ പിരിച്ചുവിട്ടു. പിറ്റേദിവസം അദിൻ സുബി എന്ന എസ്എഫ്‌ഐ നേതാവായ വിദ്യാർത്ഥി, അലനും ബദറുദ്ദീൻ എന്ന മറ്റൊരു വിദ്യാർത്ഥിക്കുമെതിരെ പോലീസിൽ റാഗിംങ് പരാതി നൽകി. പരാതിയിൽ പോലീസ് കേസെടുത്ത് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പന്തീരങ്കാവ് യു എ പി എ കേസിലെ ജാമ്യവ്യവസ്ഥകൾ അലൻ ഷുഹൈബ് ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് പൊലീസ് എൻ ഐ എ കോടതിയിൽ റിപ്പോർട്ട് നൽകിയത്.
മറ്റൊരു കേസിൽ ഉൾപ്പെടാൻ പാടില്ലെന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് അലൻ ഷുഹൈബിന് ജാമ്യം നൽകിയിരുന്നത്. എന്നാൽ, ഇത് ലംഘിക്കപ്പെട്ടുവെന്നും അലൻ റാഗിംങ് കേസിൽ അറസ്റ്റിലായെന്നും കാണിച്ചായിരുന്നു പൊലീസ് എൻഐഎ കോടതിയിലെത്തിയത്.

