തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ യുഡിഎഫിനെ കുറ്റപ്പെടുത്തി സജി ചെറിയാന്‍ എംഎല്‍എ.
സജി ചെറിയാന്‍ പറഞ്ഞത്
‘പണി തീര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും വിഴിഞ്ഞം. ഗതാഗത സൗകര്യമടക്കം നാടിന്റെ മുഖച്ഛായ തന്നെ മാറ്റും. എന്നാല്‍, അത് പിണറായി വിജയന്റെ കാലത്ത് പറ്റില്ലെന്ന് പറയുന്നത് യുഡിഎഫിന്റെ വൈകല്യമാണ്. തുറമുഖ നിര്‍മാണം വേണോ വേണ്ടേ എന്നതില്‍ പ്രതിപക്ഷത്ത് ഏകാഭിപ്രായം ഉണ്ടോയെന്നത് യുഡിഎഫ് നിലപാട് വ്യക്തമാക്കിയാല്‍ നല്ലത്. അന്നത്തെ യുഡിഎഫ് സര്‍ക്കാരാണ് അദാനിയെ കൊണ്ട് വരാന്‍ പറ്റില്ലെന്ന ഹൈക്കമാന്റ് നിലപാട് തള്ളി കരാര്‍ നല്‍കിയത്. ഇതിന്റെ എല്ലാ ക്ലിയറന്‍സും ടേംസ് ഒഫ് റഫറന്‍സും യുഡിഎഫ് കാലത്താണ് ഒപ്പിട്ടത്. പബ്ലിക്ക് ഹിയറിംഗ് നടപടികളെല്ലാം യുഡിഎഫ് കാലത്താണ് നടന്നത്. എന്നിട്ടും യുഡിഎഫ് വലിയ ബാദ്ധ്യതകള്‍ എല്‍ഡിഎഫിന് മേല്‍ നല്‍കി. സ്ഥലം എം പി ശശി തരൂരിന്റെ ഇത് സംബന്ധിച്ച നിലപാട് അറിയിക്കാന്‍ തയ്യാറാകണം. എല്ലാ ഉത്തരവാദിത്തവും പിണറായി സര്‍ക്കാരിനെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. തുറമുഖം വേണമെന്നായിരുന്നു സിപിഎമ്മിന്റെ മുന്‍ നിലപാട്. അന്ന് ലാന്‍ഡ് ലോര്‍ഡ് മോഡല്‍ കരാര്‍ സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത് യുഡിഎഫ് അംഗീകരിച്ചില്ല. അദാനിയുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതി ഉണ്ടോയെന്നും മത്സ്യതൊഴിലാളികള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യണമെന്നും അന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളികളെ പരിഗണിച്ചില്ലെന്ന വാദം തെറ്റാണ്. അന്നും ഇന്നും മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യം തന്നെയാണ്. വിഴിഞ്ഞത്തെ പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ ഒരുപാട് നടത്തിയതാണ്. എന്നാല്‍ സമരക്കാര്‍ ആവശ്യപ്പെടുന്നത് പോലെ തുറമുഖ നിര്‍മ്മാണം നിര്‍ത്താനാകില്ല. കാരണം അത്ര സവിശേഷതയുള്ള സ്ഥലത്ത് വലിയ സാമ്ബത്തിക വളര്‍ച്ച ഉണ്ടാക്കുന്ന പദ്ധതിയാണിത്.’

