കോവിഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായി; ലോകാരോഗ്യസംഘടന

ജനീവ: കോവിഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ വ്യാപനം ഇപ്പോഴും അതിവേഗമുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ അടിയന്തരഘട്ടം അവസാനിക്കാറായി എന്നു പറയാൻ കഴിയുന്ന അവസ്ഥയിലേക്ക് നാം കൂടുതൽ അടുക്കുകയാണ്. പക്ഷേ ഇതുവരെയും അങ്ങോട്ട് എത്തിയിട്ടില്ല. ഒമിക്രോണിന്റെ വ്യാപനശേഷിയാണ് അതിനു കാരണമെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് അറിയിച്ചു.

ഒമിക്രോൺ വകഭേദത്തിന് മുൻകാലത്ത് പടർന്നുപിടിച്ച ഡെൽറ്റ പോലുള്ള വകഭേദങ്ങളേക്കാൾ വ്യാപനശേഷിയുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കോവിഡ് വൈറസ് ബാധയെ തുടർന്നുണ്ടായ മരണ നിരക്കും വർദ്ധിച്ചിട്ടുണ്ട്. കൃത്യമായ നിരീക്ഷണത്തിലെ അപാകതയും ടെസ്റ്റുകളും വാക്‌സിനേഷനും കുറഞ്ഞതും പുതിയ വകഭേദങ്ങൾക്ക് സാഹചര്യങ്ങൾ ഒരുക്കുകയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

ലോകജനസംഖ്യയുടെ 90ശതമാനം പേർക്കും വാക്‌സിനേഷനിൽ നിന്നോ മുൻപത്തെ കോവിഡ് ബാധയിൽ നിന്നോ പ്രതിരോധശേഷി ലഭിച്ചിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിഗമനം.