ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഏകീകൃത കുർബാനയെ എതിർക്കുന്നവരിൽ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പള്ളിയിലേക്കു പ്രവേശിക്കാൻ സാധിക്കുന്നില്ലെന്നും ആരാധന നടത്താൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പിന് സുരക്ഷ നൽകണമെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകിയത്.

ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് നൽകാനും സുരക്ഷ ഒരുക്കണമെന്നും ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് പോലീസിനോട് നിർദ്ദേശിച്ചു. കേസിൽ ഡിസംബർ 8ന് ഹൈക്കോടതി വിശദമായ വാദംകേൾക്കും.

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിന് കുർബാന അർപ്പിക്കാൻ പോലും സാധിക്കാത്ത നിലയിൽ പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. തുടർന്നാണ് ആർച്ച് ബിഷപ്പ് കോടതിയെ സമീപിച്ചത്. വലിയ പ്രതിഷേധം നടന്നതിനാൽ എറണാകുളം – അങ്കമാലി അതിരൂപത അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സ്ഥാനമേറ്റെടുത്ത ആൻഡ്രൂസ് താഴത്തിന് പള്ളിയിലേക്ക് പ്രവേശിക്കാനോ ബിഷപ്പ് ഹൗസിലേക്കു കടക്കുന്നതിനോ കഴിഞ്ഞിരുന്നില്ല.