കണ്ണൂർ: കോൺഗ്രസ് നേതാവ് ശശി തരൂരിന് പിന്തുണയുമായി കഥാകൃത്ത് ടി പത്മനാഭൻ. വലിയ മനുഷ്യനാണ് ശശി തരൂരെന്നും ഇപ്പോൾ അദ്ദേഹത്തിനൊപ്പമുള്ളത് പുരുഷാരമാണ്, വ്യാമോഹമുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി ഗാന്ധിദർശൻ സമിതിയുടെ പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കെപിസിസി പ്രസിഡന്റ് കെ സുധാകരനും വേടിയിലുണ്ടായിരുന്നു. ചെറുപ്പക്കാരുടെ കൂടെ നിൽക്കണമെന്നും ടി പത്മനാഭൻ അഭിപ്രായപ്പെട്ടു. ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഉയർന്ന വിവാദങ്ങൾക്കിടെയാണ് ടി പത്മനാഭന്റെ പരാമർശങ്ങൾ.
അതേസമയം, തരൂരുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉയർന്ന വിവാദത്തിൽ എഐസിസി നിലവിൽ ഇടപെടേണ്ടതില്ലെന്നും അഭിപ്രായഭിന്നത ഉണ്ടെങ്കിൽ കെപിസിസി നേതൃത്വം അതു പരിഹരിക്കുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുള്ളത്. തന്റെ പരിപാടിയ്ക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ലെന്നാണ് തരൂർ പറഞ്ഞിരുന്നത്. കേരളത്തിൽ എല്ലായിടത്തും പരിപാടി സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. എല്ലാ പരിപാടികളും ഡിസിസി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റുമാരെ അറിയിച്ച തിയതി അടക്കം തന്റെ കയ്യിലുണ്ട്. പരാതികൾ ഉയരുന്നുണ്ടെങ്കിൽ അതിന് മറുപടി നൽകും.14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും ഐയും അല്ല, ഇനി ഒന്നിച്ചാണ് മുന്നോട്ടുപോകേണ്ടതെന്നും താനൊരു വിഭാഗത്തിന്റെയും മെമ്പറല്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

