രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ ഈ വര്‍ഷത്തെ ഓസ്‌കാര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കാത്തതില്‍ നിരാശയുണ്ടെന്ന് വ്യകത്മാക്കി തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ്. എന്നാല്‍, അത് തന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്നും അതിന്റെ ഉള്ളടക്കത്തിനും മേക്കിങ്ങിനുമായി സ്വതന്ത്രമായി മത്സരിക്കുമ്‌ബോള്‍ അക്കാദമിയില്‍ തന്റെ സിനിമയ്ക്ക് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു.
‘അതെ, ഞാന്‍ നിരാശനായിരുന്നു, പക്ഷേ നിര്‍ഭാഗ്യവശാല്‍, എനിക്ക് എന്റെ നിരാശ പ്രകടിപ്പിക്കാന്‍ കഴിയില്ല. ഓസ്‌കാറില്‍ കുറഞ്ഞത് രണ്ട് നോമിനേഷനുകളെങ്കിലും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഞങ്ങള്‍ ആര്‍ആര്‍ആര്‍ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്. ഞാന്‍ ഒരു തുടര്‍ഭാഗം എഴുതണമെന്ന് എന്റെ മകന്‍(രാജമൗലി) ആഗ്രഹിക്കുന്നു. രാം ചരണും ജൂനിയര്‍ എന്‍ടിആറും അതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ഫിക്ഷന്‍ കഥയായിരിക്കും അത്’ അദ്ദേഹം പറഞ്ഞു.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി ആര്‍ആര്‍ആരില്‍ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍ടിആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.

