ന്യൂഡൽഹി: സംഘടനക്ക് ശക്തിയുണ്ടെങ്കിൽ മാത്രമേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂവെന്ന് കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുന ഖർഗെ. തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്യം നിറവേറ്റുന്നുണ്ടോയെന്ന് ഓരോ കോൺഗ്രസുകാരനും ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പ്രധാനമന്ത്രി നരേന്ദ്രമോദി നശിപ്പിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് കോൺഗ്രസിന്റെ കടമയാണെന്ന് എല്ലാവരും ഓർക്കണം. ജനറൽ സെക്രട്ടറിമാർ മുതൽ താഴേ തട്ടിലുള്ള അംഗങ്ങൾ വരെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. മുകളിൽ നിന്ന് താഴെ വരെ എല്ലാ അംഗങ്ങൾക്കും സംഘടനാ ഉത്തരവാദിത്തമുണ്ട്. ജനറൽ സെക്രട്ടറിമാർ മുതലുള്ള അംഗങ്ങൾ സ്വന്തം ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. പത്ത് ദിവസമെങ്കിലും തങ്ങൾക്ക് ചുമതലയുള്ള സ്ഥലങ്ങളിൽ തുടർച്ചയായി നിൽക്കുന്നുണ്ടോയെന്ന് ഓരോരുത്തരും പരിശോധിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി.
ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എന്ത് പ്ലാനിംഗാണ് താഴേ തട്ടിൽ നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പൊതു വിഷയങ്ങളിൽ താഴേ തട്ടിൽ ഇടപെടൽ കുറവാണ്. താഴേ തട്ടിൽ സംഘടന സംവിധാനം ശക്തമല്ലെങ്കിൽ എഐസിസിക്ക് ഒന്നും ചെയ്യാനാവില്ല. ഉത്തരവാദിത്തം നൽകിയവർ അത് നിറവേറ്റിയില്ലെങ്കിൽ പുതിയ ആളുകൾ കടന്ന് വരും. സംഘടനാ ശാക്തീകരണത്തിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഒരു മാസത്തിനുള്ളിൽ നേതൃതലങ്ങളിലുള്ളവർ അറിയിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

