കോഴിക്കോട്: ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിൻവലിക്കുന്നു. സമസ്ത ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളുടെ എതിർപ്പുയർന്നതോടെയാണ് നടപടി. ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്നാണ് കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ഓഫീസിൽ നിന്ന് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
പുതിയ പ്രതിജ്ഞ തയ്യാറാക്കി നൽകുമെന്നും അറിയിപ്പുണ്ട്. പുതിയ പ്രതിജ്ഞ ലഭിച്ചതിന് ശേഷം മാത്രം പ്രതിജ്ഞ ചൊല്ലിയാൽ മതിയെന്നും സ്റ്റേറ്റ് മിഷൻ ഓഫീസ് ജില്ലാ പ്രോഗ്രാം ഓഫീസർമാർക്ക് നിർദ്ദേശം നൽകി. സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യാവകാശം നൽകണമെന്ന ഭാഗമാണ് ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞയിൽ വിവാദത്തിനിടയാക്കിയത്. ശരീഅത്ത് നിയമത്തിന് വിരുദ്ധമാണ് ഈ ഭാഗമെന്നായിരുന്നു സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ഉൾപ്പെടെയുള്ളവർ വിമർശിച്ചത്. കെഎൻഎം മർക്കസുദഹ്വ, വിസ്ഡം അടക്കമുള്ള മുസ്ലീം സംഘടനകളും പ്രതിജ്ഞക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ശരീഅത്ത് നിയമപ്രകാരം പുരുഷന് ഇരട്ടിസ്വത്തും സ്ത്രീക്ക് പകുതി സ്വത്തിനുമാണ് അവകാശം. ഇത് ഇന്ത്യയിലെ മുസ്ലീം വ്യക്തിനിയമം അനുവദിക്കുന്നതാണെന്നും പുതിയ പ്രതിജ്ഞ ഏക സിവിൽകോഡ് നടപ്പാക്കുന്നതിനായുള്ള സർക്കാരിന്റെ കൈസഹായമാണെന്നുമായിരുന്നു ഉയർന്ന ആരോപണങ്ങൾ. തുടർന്നാണ് ഈ പ്രതിജ്ഞ പിൻവലിക്കാൻ കുടുംബശ്രീ തീരുമാനിച്ചത്.

