വിഴിഞ്ഞം സമരം: നിലപാട് കടുപ്പിക്കാനൊരുങ്ങി ലത്തീന്‍ അതിരൂപത; പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും

വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് ലത്തീന്‍ അതിരൂപതയുടെ എല്ലാ പള്ളികളിലും ഇന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പേരിലുള്ള സര്‍ക്കുലര്‍ വായിക്കും. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചര്‍ച്ചകള്‍ പുരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നുമാണ് സര്‍ക്കുലറിലെ പ്രധാന ആവശ്യം.

സര്‍ക്കാരിന്റെ നിസ്സംഗതയും ജനകീയ സമിതിയുടെ അധിക്ഷേപങ്ങളും മത്സ്യത്തൊഴിലാളികളില്‍ പ്രകോപനമുണ്ടാക്കി. നിരായുധരായ സ്ത്രീകളെ പൊലീസ് മര്‍ദിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. തുറമുഖ നിര്‍മാണം സ്ഥിരമായി നിര്‍ത്തിവെക്കണമെന്നല്ല. നിര്‍മാണം നിര്‍ത്തി വെച്ചുള്ള പഠനമാണ് വേണ്ടത്. ചര്‍ച്ചകള്‍ പുരാരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം തുടങ്ങി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ആര്‍ച്ച് ബിഷപ്പ് ഉന്നയിക്കുന്നത്.

അതേസമയം, ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമവായ ചര്‍ച്ചകളും തുടരുകയാണ്. മലങ്കര, ലത്തീന്‍ സഭാ നേതൃത്വവുമായി കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയില്‍ തുടര്‍ചര്‍ച്ചകള്‍ക്ക് ധാരണയായിരുന്നു. അനൗദ്യോഗിക ചര്‍ച്ചകളില്‍ ധാരണയായ ശേഷം ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കാനാണ് സാധ്യത. ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളും നടക്കുന്നുണ്ട്.