‘ജീവിതത്തിന്റെ വിജയം ശമ്പളപ്പാക്കേജിലല്ല’; വിദ്യാര്‍ഥികളോട് രാഷ്ട്രപതി

ജീവിതത്തിന്റെ വിജയം ശമ്പളപ്പാക്കേജിലല്ലെന്ന് ഇന്ത്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ എന്‍ഐടി കുരുക്ഷേത്രയിലെ വിദ്യാര്‍ഥികളോട് രാഷ്ട്രപതി ദ്രൗപദി മുര്‍മു. കുരുക്ഷേത്ര നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു രാഷ്ട്രപതി.

‘ഇന്നത്തെ കാലത്ത് വിദ്യാര്‍ഥികളുടെ കരിയര്‍ വിജയം അവര്‍ക്കു കോളജില്‍ കിട്ടുന്ന പ്ലേസ്‌മെന്റിന്റെ ശമ്പളപ്പാക്കേജ് നോക്കി നിര്‍ണയിക്കുന്ന പ്രവണതയുണ്ട്. ഇതു ശരിയല്ല. മികച്ച ഒരു ശമ്പളപ്പാക്കേജ് നല്ലതു തന്നെ. എന്നാല്‍, അത്ര വലിയ ഒരു പാക്കേജ് കിട്ടാത്ത വിദ്യാര്‍ഥി മോശമാണെന്ന് അതിന് അര്‍ഥമില്ല. ജീവിതത്തില്‍ എന്തുവേണമെന്ന് തീരുമാനിച്ചുറപ്പിച്ചിട്ടു വേണം വിദ്യാര്‍ഥികള്‍ കരിയര്‍ തിരഞ്ഞെടുക്കാന്‍. കുട്ടികളെ നിര്‍ലോഭം പ്രോത്സാഹിപ്പിക്കണം. കഠിനാധ്വാനം ചെയ്താല്‍ വിജയങ്ങള്‍ തങ്ങളുടെ വഴിയില്‍ വരും’- രാഷ്ട്രപതി പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ആദ്യ ഗോത്രവര്‍ഗ രാഷ്ട്രപതിയായ മുര്‍മു ഒഡീഷ ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളജില്‍ നിന്നാണു ബിരുദം നേടിയത്. രായിരനഗ്പുര്‍ അരവിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച് എന്ന സ്ഥാപനത്തില്‍ കുറച്ചു കാലം അധ്യാപികയായി ജോലി നോക്കിയ ശേഷം സംസ്ഥാന ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി മുര്‍മു ഔദ്യോഗികജീവിതം തുടര്‍ന്നു. 1997ല്‍ രായിരനഗ്പുര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായാണു രാഷ്ട്രീയജീവിതം തുടങ്ങിയത്. 2000ലും 2004ലും രായിരനഗ്പുര്‍ എംഎല്‍എയായി. 2000ത്തില്‍ ഒഡീഷയില്‍ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയ നവീന്‍ പട്നായിക് മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മികച്ച എംഎല്‍എയ്ക്കുള്ള ‘പണ്ഡിറ്റ് നീലകണ്ഠ പരസ്‌കാരം’ 2007ല്‍ ലഭിച്ചു. 2015 ല്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി.