ദി കശ്മീര്‍ ഫയല്‍സിനെതിരെ രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവന്‍ നദാവ് ലാപിഡ് പറഞ്ഞ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങള്‍. ജിങ്കോ ഗോട്ടോ, ഹാവിയര്‍ അംഗുലോ ബാര്‍ട്ടുറന്‍, പാസ്‌കേല്‍ ചാവന്‍സ് തുടങ്ങിയ ജൂറി അംഗങ്ങളാണ് നദാവ് ലാപിഡിന് പിന്തുണയുമായെത്തിയത്. നദാവ് ലാപിഡിന്റെ പ്രസ്താവനയ്ക്കൊപ്പം തങ്ങളും ഉറച്ചുനില്‍ക്കുന്നുവെന്ന് സഹ ജൂറി അംഗങ്ങള്‍ ട്വിറ്ററില്‍ പ്രസ്താവനയിറക്കി. അന്‍പത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് നദാവ് കാശ്മീര്‍ ഫയല്‍സിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
നദാവ് ലാപിഡിന്റെ പരാമര്‍ശം വ്യക്തിപരമാണെന്ന് ജൂറിയിലെ ഏക ഇന്ത്യക്കാരനായ ചലച്ചിത്ര നിര്‍മ്മാതാവ് സുദീപ്തോ സെന്‍ വ്യക്തമാക്കിയിരുന്നു. കശ്മീര്‍ ഫയല്‍സിനെ കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണം ഏകകണ്ഠമാണെന്ന് വ്യക്തമാക്കുന്നതാണ് മറ്റു ജൂറി അംഗങ്ങളുടെ പ്രസ്താവന. ‘കാശ്മീര്‍ ഫയല്‍സ് ഞെട്ടിച്ചു, ഇത് ഒരു അശ്ലീല പ്രചരണ സിനിമയായി ഞങ്ങള്‍ക്ക് തോന്നി, മഹത്തായ ചലച്ചിത്ര മേളയില്‍ ഇത്തരമൊരു സിനിമയെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് അനുയോജ്യമായ നടപടിയില്ല. ഞങ്ങള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു’- ജൂറി അംഗങ്ങള്‍ പറഞ്ഞു. നദാവ് ലാപിഡിനെതിരെ നടക്കുന്ന ആക്രമണങ്ങളിലും മഹത്തായ ചലച്ചിത്രോത്സവ വേദിയെ രാഷ്ട്രീയ വൈരത്തിന് ഉപയോഗിക്കുന്നതിലും വേദനയുണ്ടെന്ന് ജൂറി അംഗങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഐഎഫ്എഫ്ഐ പോലെയുള്ള പ്രൗഢമായ ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്നാണ് നദാവ് ലാപിഡ് വ്യക്തമാക്കിയത്. ഈ ചിത്രം കണ്ട് ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അതൊരു വൃത്തികെട്ട പ്രൊപ്പഗന്‍ഡ ചിത്രമാണ്. ഇതിവിടെ പരസ്യമായിത്തന്നെ പറയുകയാണ്. നല്ലൊരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുകയെന്നാല്‍ അതില്‍ വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുക കൂടിയാണ്. ഈ പ്രസ്താവനയാണ് നദാലിനെതിരെ രൂക്ഷമായ ആക്രമണത്തിനിടയാക്കിയത്.

