ആശ്രമത്തിന് തീയിട്ട സംഭവം: പ്രശാന്തിന്റെ മൊഴി മാറ്റത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമെന്ന് സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ മുഖ്യസാക്ഷിയായ കുണ്ടമണ്‍കടവ് സ്വദേശി പ്രശാന്തിന്റെ മൊഴി മാറ്റത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു. പ്രശാന്തിന് ഇവരുടെ സമ്മര്‍ദവും ഭീഷണിയുമുണ്ട്. കേസന്വേഷണം അട്ടിമറിക്കപ്പെടില്ല. തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് തന്റെ സഹോദരനും സുഹൃത്തുക്കളുമാണെന്നാണ്, സഹോദരന്‍ പ്രകാശ് ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്നായിരുന്നു പ്രശാന്ത് നേരത്തെ മൊഴി നല്‍കിയത്. ഇതാണ് ഇപ്പോള്‍ നല്‍കിയ രഹസ്യമൊഴിയില്‍ കോടതിയില്‍ തിരുത്തി പറഞ്ഞത്. ആശ്രമത്തിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് രഹസ്യമൊഴി. എന്നാല്‍, മൊഴി മാറ്റിയ സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്നും ആവശ്യമായ തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്.