തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേൽപാലം തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നുകൊടുത്തത്. 2.72 കിലോമീറ്ററാണ് പാതയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാതാ അതോറിറ്റി മേൽപാലം തുറന്നത്.
ദേശീയപാത 66 ൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം – മുക്കോല റീച്ചിന്റെ ഭാഗമാണ് കഴക്കൂട്ടത്തെ നാലുവരി എലിവേറ്റഡ് പാത. ദേശീയപാത അതോറിറ്റിക്കാണ് പാതയുടെ നിർമാണ ചുമതല. എലിവേറ്റഡ് പാത നിർമാണത്തിനുള്ള തുക 200 കോടിയായിരുന്നു. പൂർണമായും ദേശീയപാത അതോറിറ്റിയാണ് ഈ തുക ചെലവഴിച്ചത്.
ടെക്‌നോപാർക്കിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, കോവളം, വിഴിഞ്ഞം ഭാഗങ്ങളിലേക്ക് പോകേണ്ടവർ, തിരുവനന്തപുരം നഗരത്തിലേക്ക് എത്തേണ്ടവർ തുടങ്ങിയവർക്ക് എലിവേറ്റഡ് ഹൈവേ ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തു നിന്ന് കൊല്ലം ഭാഗത്തേക്കുള്ള യാത്രക്കാർക്കും പാത ആശ്വാസകരമാണ്.

