തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോണിന് നിരോധനം; ഉത്തരവ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ആരാധനാലയത്തിന്റെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹൈക്കോടതി അറിയിച്ചു. ഇക്കാര്യം ഉറപ്പ് വരുത്താൻ കോടതി എല്ലാ ക്ഷേത്ര അധികാരികൾക്കും നിർദ്ദേശം നൽകി. തൂത്തുക്കുടി ജില്ലയിലെ പ്രശസ്ത തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എം സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി തീർപ്പാക്കുന്നതിനിടെയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഭക്തർ തങ്ങളുടെ ഫോണുകൾ ഉപയോഗിച്ച് വിഗ്രഹങ്ങളുടെയും പൂജകളുടെയും ചിത്രം എടുക്കുന്നുണ്ടെന്നാണ് ഹർജിയിൽ പറഞ്ഞിരുന്നത്. ക്ഷേത്രങ്ങളിൽ ആളുകളെത്തുന്നത് പ്രാർത്ഥനയ്ക്കായാണെന്നും എന്നാൽ, ചിലർ മൊബൈൽ ഫോണിൽ ഉറക്കെ സംസാരിക്കുന്നതും വിഗ്രഹങ്ങളുടെ ചിത്രം പകർത്തുന്നതും ശരിയല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഫോണുകൾ ലോക്കറിൽ സുരക്ഷിതമായി വയ്ക്കാനുള്ള സൗകര്യം അതത് ക്ഷേത്ര കമ്മറ്റികൾ ഉണ്ടാക്കണമെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു.

നിർദേശം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പ് കമ്മീഷണർക്ക് കോടതി നിർദ്ദേശം നൽകി.