എയിംസ് സര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടത് വിദേശത്ത് നിന്ന്; അഞ്ച് സര്‍വറുകളിലെ വിവരങ്ങള്‍ ചോര്‍ന്നെന്നും റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ സര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടത് വിദേശത്ത് നിന്നെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ഏത് രാജ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. നവംബര്‍ 23ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ് നടന്നതെന്നും അഞ്ച് സര്‍വറുകളിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ചോര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, നാല് കോടിയോളം രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന ഭീതിക്കിടെ എയിംസിലെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ വീണ്ടെടുക്കാനായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ ഡല്‍ഹി എയിംസിന്റെ സര്‍വറിലുണ്ട്. വാക്‌സിന്‍ പരീക്ഷണത്തിന്റെ നിര്‍ണ്ണായക വിവരങ്ങളും ഇവിടെയുണ്ട്.