ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യഭ്യാസ രംഗം കേരളത്തിന്റേത്; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യഭ്യാസ രംഗം കേരളത്തിന്റേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഊരുട്ടമ്പലം ഗവ. യുപി സ്‌കൂൾ, അയ്യങ്കാളി – പഞ്ചമി സ്മാരക സ്‌കൂളായി പുനർ നാമകരണ പ്രഖ്യാപനവും, എൽ പി, യുപി സ്‌കൂളുകളുടെ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും സ്‌കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് പലയിടങ്ങളിലും വിദ്യാഭ്യാസം കോവിഡ് പ്രതിസന്ധിയിൽ മുടങ്ങിയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തെ കേരളത്തിന്റെ പൊതു സമൂഹം ഏറ്റെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പല പരീക്ഷകളും മുടങ്ങിയപ്പോൾ എസ്എസ്എൽസി പരീക്ഷയടക്കം സമയബന്ധിതമായി വിജയകരമായി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. 2016-ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കും സ്‌കൂൾ അടച്ചുപൂട്ടലും പ്രതിസന്ധി സൃഷ്ടിച്ചു. സ്മാർട്ട് ക്ലാസ് റൂം, മികച്ച കെട്ടിടങ്ങൾ, ലൈബ്രറികൾ, കംപ്യൂട്ടറുകൾ, ലാബുകൾ എന്നീ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിലൂടെ പത്ത് ലക്ഷം കുട്ടികൾ അധികമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അയ്യങ്കാളിയുൾപ്പെടെയുള്ള നവോത്ഥാന നായകരുയർത്തിയ സാർവത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെ സമൂഹത്തിൽ നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഊജ്ജ്വലമായ ഏടാണ് 1914 ലെ പഞ്ചമിയുടെ വിദ്യാലയ പ്രവേശനം. പഞ്ചമിയുടെ പ്രവേശനം അംഗീകരിക്കാത്തവർ വിദ്യാലയം തന്നെ കത്തിക്കുകയുണ്ടായി. എന്നാൽ കത്തിച്ചവർ ചരിത്രത്തിൽ നിന്ന് മായ്ക്കപ്പെടുകയും പഞ്ചമിയെ ഇന്നും സ്മരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഊരുട്ടമ്പലം ഗവ. യു പി സ്‌കൂളിനെ അയ്യങ്കാളി പഞ്ചമി സ്‌കൂളായി പുനർനാമകരണം ചെയ്യുന്നത്. അയ്യങ്കാളി ആ കാലഘട്ടത്തിൽ ശ്രീമൂലം പ്രജ സഭയിലുയർത്തിയ സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്റെ പിൻതുടർച്ചയാണ് സംസ്ഥാന സർക്കാർ വിജയകരമായി തുടരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷ യഞ്ജമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.